അടുത്ത കാലത്തായി കർഷകർ സാമ്പത്തികമായി വളരെ പ്രധാനപ്പെട്ടതും കാർഷിക വനവൽക്കരണ സമ്പ്രദായത്തിന്റെ അവിഭാജ്യ ഘടകവുമായ ചിലയിനം തോട്ടവിളകളില്‍ വലിയ താൽപര്യം കാണിച്ചു വരുന്നുണ്ട്. സാമ്പത്തിക മൂല്യം വലുതായതിനാൽ കാർഷിക, കോർപറേറ്റ് കമ്യൂണിറ്റികള്‍ക്കിടയിൽ അത്തരത്തില്‍ കൂടുതൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ഒരിനമാണ് ചന്ദനമരം. ലോകത്തെ ഈസ്റ്റ് ഇന്ത്യൻ ചന്ദനമരത്തിന്റെ പ്രധാന കയറ്റുമതിക്കാരാണ് ഇന്ത്യ. മൊത്തം ആഗോള ഉൽപാദനത്തിന്റെ 90% വരും ഇത്. വിവേചനരഹിതമായ ചൂഷണം നിമിത്തം, പ്രത്യേകിച്ച് മരത്തിന്റെ ഉയർന്ന കയറ്റുമതി മൂല്യവും അപര്യാപ്തമായ പുനരുല്‍പാദനവും തീപിടുത്തവും രോഗവും ഭൂവിനിയോഗ രീതിയിലെ മാറ്റവും കാരണം ചന്ദനമരങ്ങൾ ഇപ്പോൾ കടുത്ത ക്ഷാമത്തിലാണ്. ഉല്‍പാദനത്തിന്‍റെ ഭൂരിഭാഗവും എത്തുന്നത് പ്രധാനമായും പ്രകൃതിദത്ത സ്രോതസ്സുകളിൽ നിന്നാണ്. |
…ചന്ദനത്തിന്‍റെ ഉൽപാദനം പ്രതിവർഷം 500 ടണ്ണിൽ നിന്ന് 400 ആയി കുറഞ്ഞു. എന്നാല്‍ പ്രതിവർഷ ആഗോള ആവശ്യകത ആകട്ടെ ഹാർട്ട്‌വുഡിന് 5000 മുതൽ 6000 ടൺ വരെയും തൈലത്തിന് 100-120 ടൺ വരെയും ആണ്. |
(ചന്ദനമര സംരക്ഷണം, അഭിവൃദ്ധിപ്പെടുത്തൽ, കൃഷി, പരിപാലനം എന്നിവയെക്കുറിച്ചുള്ള ദേശീയ സെമിനാറില്‍ അവതരിപ്പിച്ചത് (എഡിറ്റര്‍മാര്‍ ഗൈറോള എസും മറ്റുള്ളവരും,.), 12-13 ഡിസംബർ 2007, പേജ്. 1-8) |
പ്രകൃതിദത്ത വിഹിതം കുറയുന്നത് ദേശീയ, അന്തർദ്ദേശീയ വിപണിയിൽ ചന്ദനത്തിന്റെ വില പല മടങ്ങ് വർധിക്കാനും ഈസ്റ്റ് ഇന്ത്യൻ ചന്ദനം വലിയ തോതില്‍ വാണിജ്യ മേഖലയുടെ പ്രധാന ആകർഷണ കേന്ദ്രമായിത്തീരാനും കാരണമായിട്ടുണ്ട്. |
ഈസ്റ്റ് ഇന്ത്യൻ ചന്ദനം (സാന്‍റലം ആൽബും എൽ.) ദേശീയ, അന്തർദ്ദേശീയ വിപണികളിൽ സുരഭിലമായ സുഗന്ധം കൊണ്ടും വാണിജ്യ മൂല്യം കൊണ്ടും പ്രശസ്തമായ അമൂല്യമായ മരങ്ങളിൽ ഒന്നാണ്. ഇവയ്ക്കു പുറമേ, വ്യത്യസ്‌തമായ കാലാവസ്ഥയുമായും ആതിഥേയ സസ്യങ്ങളുമായും മണ്ണിന്‍റെ അവസ്ഥകളുമായും ഉള്ള അതിന്‍റെ വലിയ തോതിലുള്ള പൊരുത്തപ്പെടല്‍ കർഷകരെയും കോർപ്പറേറ്റുകളെയും അവയുടെ വാണിജ്യ സംരംഭങ്ങളിലേക്ക് ആകർഷിക്കുന്നുണ്ട്. |
ചന്ദനം ഒരു സെമി-റൂട്ട് പരാദമാണ്. പരാദജീവന പരിസ്ഥിതിയെക്കുറിച്ചുള്ള ധാരണയെ ആശ്രയിച്ചിരിക്കുന്നു ചന്ദനത്തോട്ടങ്ങളുടെ വിജയം. പ്രത്യേകിച്ച് ആതിഥേയ സസ്യവും പരാദവും തമ്മിലുള്ള ബന്ധം, അവയുടെ അനുപാതം, മറ്റ് സിൽവികൾച്ചർ സങ്കേതങ്ങള്‍ എന്നിവ അറിഞ്ഞിരിക്കുന്നത് ചന്ദന മരം വളര്‍ത്തലില്‍ ഏറെ ഗുണം ചെയ്യും. പരാദത്തിനും ആതിഥേയ സസ്യത്തിനും ഇടയിലുള്ള ഒരു ഫിസിയോളജിക്കൽ പാലമായി വർത്തിക്കുന്ന ഹാസ്റ്റോറിയൽ കണക്ഷനുകളിലൂടെ ധാതുക്കള്‍ക്കും പോഷകങ്ങൾക്കും ജലത്തിനും വേണ്ടി ചന്ദനം ആതിഥേയ സസ്യങ്ങളെ ആശ്രയിക്കുന്നു. പുല്ലുകൾ മുതൽ മരങ്ങൾ വരെയുള്ള വലിയൊരു കൂട്ടം സസ്യങ്ങളുടെ പരാദമാണ് ചന്ദന മരം. ഇതില്‍ തന്നെ പയർവർഗങ്ങളുമായുള്ള കൂട്ടായ്മയാണ് മികച്ചത്. ആഴത്തിൽ വേരൂന്നിയതും സാവകാശം വളരുന്നതുമായ ബഹുവര്‍ഷ ആതിഥേയ സസ്യങ്ങള്‍ ചന്ദന മരങ്ങളുടെ സുസ്ഥിരമായ വളർച്ചയെ സഹായിക്കും. ഹാര്‍ട്ട്‌വുഡും തൈലവും മികവോടെ ലഭിക്കാന്‍, നമ്മള്‍ ഇത് 15 വർഷത്തിലധികക്കാലം വളർത്തേണ്ടതുണ്ട്. അതേസമയം ഏറ്റവും അനുയോജ്യമായ വിളപരിവൃത്തി കാലം 25-30 വർഷമാണ്. |
ഇന്തോനേഷ്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഹവായ്, ശ്രീലങ്ക, മറ്റ് പസഫിക് ദ്വീപുകൾ എന്നിങ്ങനെയുള്ള നിരവധി പ്രദേശങ്ങളിൽ ചന്ദനം പ്രകൃതിദത്തമായി കാണപ്പെടുന്നുണ്ട്. ഓസ്‌ട്രേലിയയും ഇന്ത്യയുമാണ് ഇതിന്റെ ജന്മദേശം. ഈസ്റ്റ്-ഇന്ത്യൻ ചന്ദനം എന്ന് അറിയപ്പെടുന്ന ഇന്ത്യൻ ചന്ദനത്തിന്റെ തൈലവും തടിയും ലോക വിപണിയിൽ വിലയേറിയതാണ്. മഞ്ഞ നിറത്തിലുള്ള ഈ അരോമാറ്റിക് തൈലം മരത്തിന്റെ തടിയിൽ നിന്നും വേരുകളിൽ നിന്നും ലഭിക്കും. ചന്ദനം കൊണ്ട് നിർമ്മിച്ച വസ്തുക്കളിൽ ചന്ദനത്തിന്റെ സുഗന്ധം പതിറ്റാണ്ടുകളോളം നിലനിൽക്കും. 10 മുതൽ 15 വരെ മീറ്റർ ഉയരത്തിൽ വളരെ സാവകാശം വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഇത്. നെഞ്ച് ഉയരത്തിൽ 1 മുതൽ 2.5 മീറ്റർ വരെ ചുറ്റളവ് ഉണ്ടായിരിക്കും. മരം വിപണിയിലെത്തിക്കേണ്ട വളര്‍ച്ച പ്രാപിക്കാന്‍ ഏകദേശം 15 വർഷമെടുക്കും. എന്നിരുന്നാലും, ഫെര്‍ട്ടിഗേഷന്‍ അവസ്ഥയിലാണെങ്കില്‍, ഈ മരം വാണിജ്യം മൂല്യം നേടാന്‍ ഏകദേശം 20 വർഷമെടുക്കും. ഇലകൾ തുകൽ പോലെ ദൃഢമായതും തണ്ടിന്റെ ഇരുവശത്തും ജോഡികളായുമാണ് കാണപ്പെടുന്നത്. മൂപ്പെത്തിയ ഇലകൾക്ക് നീലകലർന്നതു മുതല്‍ പച്ചകലർന്നതു വരെയുള്ള മഞ്ഞ നിറമായിരിക്കും. ഇളം ഇലകൾക്ക് പിങ്ക് കലർന്ന പച്ചനിറമാണ്. അതിനാലാണ് ഈ മരം നിത്യഹരിതമായി കാണപ്പെടുന്നത്. ഇളം മരങ്ങളുടെ പുറംതൊലി ചുവപ്പ് കലർന്ന തവിട്ട് നിറവും മിനുസമാർന്നതുമാണ്. എന്നാല്‍ മൂപ്പെത്തുന്ന മരങ്ങൾക്ക് പരുക്കനും കടും തവിട്ട് നിറത്തില്‍ ആഴത്തിലും ഉള്ള ലംബമായ വിള്ളലുകളുണ്ടായിരിക്കും. പുറംതൊലിയുടെ ഉൾഭാഗം ചുവപ്പായിരിക്കും. ഈ വൃക്ഷം മറ്റ് സസ്യങ്ങളുടെ വേരുകളിൽ നിന്ന് പോഷകം വലിച്ചെടക്കുന്ന ഒരു അർധ പരാദമാണ്. വൃക്ഷത്തിന്റെ വേരുകൾ വിശാലമായി പടരുകയും സമീപത്തുള്ള മരത്തിന്റെ വേരുകളിലൂടെ ‘റൂട്ട് ഗ്രാഫ്റ്റിംഗ്’ രൂപപ്പെടുത്തുകയും ചെയ്യും. ചന്ദനം അതിന്‍റെ വേരുകൾ സമീപത്തുള്ള സസ്യങ്ങളുടെ വേരുകളുമായി ബന്ധിപ്പിച്ചു കൊണ്ട്, വളർച്ചയ്ക്ക് ആവശ്യമായ ജലവും പോഷകങ്ങളും നേടും. ചന്ദനം പുഷ്പിക്കുന്നത് ഭൂമിയുടെ ഉയരത്തെ ആശ്രയിച്ചിരിക്കുന്നു. ഉയരങ്ങളിലുള്ള മരങ്ങളെ അപേക്ഷിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ വളരുന്ന മരങ്ങള്‍ ഒരു മാസം മുമ്പേ പൂവിടും. ഇളം പൂക്കൾക്ക് മഞ്ഞനിറമാണ്, പാകമാകുമ്പോൾ കടും പർപ്പിൾ-തവിട്ട് നിറമാകും. മുകളഘട്ടം ആരംഭിച്ച് ഒരു മാസത്തില്‍ പുഷ്പവികാസവും പ്രാരംഭ ഘട്ടത്തില്‍ നിന്ന് മൂന്ന് മാസത്തില്‍ കായ്കൾ പാകമാകുകയും ചെയ്യും. വ്യത്യസ്തമായ പാരിസ്ഥിതിക അവസ്ഥകളിലും കാലാവസ്ഥയിലും ചന്ദനം നന്നായി വളരും.
|
സാന്‍റലേസിയായി കുടുംബത്തിൽപെട്ട സാന്‍റലം ആൽബും എന്നാണ് ചന്ദനമരത്തിന്‍റെ ശസ്ത്ര നാമം. |
ഇനി പറയുന്നവയാണ് അന്താരാഷ്ട്ര വ്യാപാരത്തിലുള്ള പ്രധാന ഇനങ്ങൾ: |
സാന്റലം ആൽബും (ഈസ്റ്റ് ഇന്ത്യൻ ചന്ദനത്തടി) – ഇന്തോനേഷ്യ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ളത്. വടക്കൻ ഓസ്‌ട്രേലിയയുടെ ടോപ്പ് എൻഡിൽ പ്രകൃതിദത്തമായി ലഭ്യമായതെന്നും കണക്കാക്കപ്പെടുന്നു. ചരിത്രപരമായി, എസ്. ആൽബും അന്താരാഷ്‌ട്ര വാണിജ്യരംഗത്ത് ഏറെ ശ്രദ്ധേയമായ ചന്ദന ഇനമാണ്. ഈ ഇനത്തിന് ഇപ്പോൾ അതിന്റെ തദ്ദേശീയ ആവാസ വ്യവസ്ഥകളിൽ വാണിജ്യപരമായി വംശനാശം സംഭവിച്ചിരിക്കുകയാണ്. ഭാവിയിൽ ഭൂരിഭാഗവും വടക്കൻ ഓസ്‌ട്രേലിയയിലെ തോട്ടങ്ങളിൽ നിന്നായിരിക്കും വിപണിയിലെത്തുക (അതു പോലെ ഏഷ്യയിലെ പല ഉഷ്ണമേഖലാ രാജ്യങ്ങളിലും ഉള്ള തോട്ടങ്ങളിൽ നിന്നും) |
എസ്.സ്പികാറ്റം (ഓസ്‌ട്രേലിയൻ ചന്ദനത്തടി)–തെക്കുപടിഞ്ഞാറൻ ഓസ്‌ട്രേലിയ സ്വദേശം. ഡബ്ല്യുഎ അതോറിറ്റിയുടെ കൂടുതൽ സുസ്ഥിരമായ മാനേജ്മെന്‍റ് കൊണ്ട് സമീപ ദശകങ്ങളിൽ പ്രബലമായ രീതിയില്‍ വിപണനം ചെയ്യുന്ന ചന്ദനം. ഇതിന്റെ തൈലത്തിന് വിലയില്ല. കാരണം അതിൽ സാന്‍റാലോളുകളുടെ അളവ് കുറവും ഇ, ഇ ഫാർനെസോള്‍ എന്നിവയുടെ അളവ് കൂടുതലുമാണ്. എന്നാൽ ചന്ദനത്തിരികള്‍, ശില്‍പവേലകള്‍ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യമാണ് ഇത്.
|
എസ്. ഒസ്ട്രോകാലെഡോണിക്കം (ചന്ദനത്തടി) – ന്യൂ കാലിഡോണിയ, വാനുവാട്ടു സ്വദേശം. ഈസ്റ്റ് ഇന്ത്യൻ ചന്ദനത്തൈലത്തിന് സമാനമായ രീതിയില്‍ ഉന്നത നിലവാരമുള്ള തെലം. ചില മരങ്ങളുടെ (വാനുവാട്ടുവിലെ സാന്റോ, മാലെകുല എന്നിവയും ന്യൂ കാലിഡോണിയയിലെ ഐൽ ഓഫ് പൈൻസ് എന്നിവയും പോലുള്ളവ) തൈലത്തിന്‍റെ ഗുണനിലവാരം വ്യത്യാസപ്പെട്ടിരിക്കും. |
എസ്.യാസി (യാസി അഥവാ ‘അഹി) – ഫിജി, ടോംഗ, നിയുവെ സ്വദേശം. പൊതുവില്‍ ഈസ്റ്റ് ഇന്ത്യൻ ചന്ദനത്തടിയുടെ ഐഎസ്ഒ മാനദണ്ഡങ്ങൾ പാലിക്കുന്ന ഗുണമേന്മയേറിയ ഹാർട്ട്‌വുഡും തൈലവും നല്‍കും. എന്നിരുന്നാലും പരിമിതമായ വിശകലനങ്ങള്‍ സൂചിപ്പിക്കുന്നത് അതിന്റെ തൈലത്തില്‍ ഇ, ഇ ഫാർനെസോളിന്റെ അളവ് ഏകദേശം 2-3% ആണെന്നാണ്: ഇത് ചർമ്മ അലർജിക്ക് കാരണമായേക്കുമോ എന്ന് സംശയിക്കപ്പെടുന്നതിനാല്‍ പെർഫ്യൂം, ബോഡി കെയർ ഉൽപന്നങ്ങൾ എന്നിവയ്ക്കായുള്ള എസ് യാസി തൈലത്തിന്റെ ഉപയോഗം യൂറോപ്പില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. |
എസ്.പാനികുലാറ്റം (‘ഇല്യാഹി) – ഹവായി സ്വദേശം. |
ചന്ദന കൃഷി: |
ചന്ദനം വളരുന്ന കാലാവസ്ഥകൾ. വർഷത്തിൽ മിതമായ മഴയും നല്ല സൂര്യപ്രകാശവും ഭൂരിഭാഗവും വരണ്ട കാലാവസ്ഥയുമുള്ള ഇടങ്ങൾ. ചൂടു കാലാവസ്ഥയുള്ള ഉഷ്ണമേഖലാ, ഉപോഷ്ണമേഖലാ പ്രദേശങ്ങളിലും ഇവ നന്നായി വളരും. പൂഴിമണ്ണ്, ചെമ്മണ്ണ്, കളിമണ്ണ് സമ്പന്നമായ കറുത്ത മണ്ണ് എന്നിങ്ങനെ വിവിധ മണ്ണിൽ ചന്ദനച്ചെടികൾ മികവോടെ വളരും. പി.എച്ച് മൂല്യം 6.0 മുതൽ 7.5 വരെയുള്ള ചുവന്ന ഫെറുജിനസ് പശിമരാശി മണ്ണാണ് ഇതിന് അഭികാമ്യം. ചരൽ മണ്ണ്, പാറക്കെട്ടുകൾ നിറഞ്ഞ മണ്ണ്, ഉയർന്ന കാറ്റ്, കടുത്ത ചൂട്, വരൾച്ച എന്നിവയെ അതിജീവിക്കും ചന്ദനം. സൂര്യപ്രകാശം അവയ്ക്ക് ഏറെ ഇഷ്ടമാണെങ്കിലും ഭാഗികമായ നിഴലിലും വളരും. 13° മുതൽ 36° C വരെ താപനിലയിലും 825 മുതൽ 1175 മില്ലിമീറ്റർ വരെ വാർഷിക മഴയിലും ഇവ നന്നായി വളരും. വെള്ളം കെട്ടി നില്‍ക്കുന്നത് ചന്ദനത്തെ പ്രതികൂലമായി ബാധിക്കും. 1960 മുതൽ 3450 അടി വരെ ഉയരമുള്ള പ്രദേശങ്ങളിലെ ഭൂമിയാണ് കൃത്യവും പൂർണ്ണവുമായ വളർച്ചയ്ക്ക് ഏറ്റവും അനുയോജ്യമായത്.
|
മറ്റ് തോട്ടവിളകളിൽ നിന്ന് വ്യത്യസ്തമായി, ചന്ദനത്തോട്ടങ്ങൾക്ക് വൃക്ഷങ്ങളുടെ ഉചിതമായ വികാസത്തിന് അനുയോജ്യമായ ഇടങ്ങള്‍ ആവശ്യമാണ്. നല്ല സൂര്യപ്രകാശമുള്ളതും വടക്കു പടിഞ്ഞാറ് ദിശയില്‍ ചരിവുള്ളതുമായ ഭൂമിയാണ് അഭികാമ്യം. വെള്ളം സ്വതന്ത്രമായി ഒലിച്ചുപോകുന്ന ഭൂമിയാണ് തോട്ടങ്ങൾക്ക് അനുയോജ്യമായത്. 40 സെന്റീമീറ്റർ ആഴത്തിൽ നിലം കിളയ്ക്കണം. വേരുകളുടെ വ്യാപനം സുഗമമാക്കാന്‍ മണ്ണ് ആഴത്തില്‍ കിളച്ച് ഉഴുതുമറിച്ച് നിലം തയാറാക്കണം. കിളച്ചു കഴിയുമ്പോള്‍ നല്ല അളവില്‍ ജൈവ വളം ചേർക്കണം. തൈകള്‍ നടേണ്ട ഇടത്തു നിന്ന് എല്ലാ കളകളും പറിച്ചു മാറ്റി, ആതിഥേയ സസ്യങ്ങളായി വർത്തിക്കാന്‍ അനുയോജ്യമായവ മാത്രം നിലനിര്‍ത്തണം. |
നമുക്ക് ചന്ദനം വിത്ത് ഉപയോഗിച്ചോ കായിക ഗ്രാഫ്റ്റ് വഴിയോ പ്രജനനം നടത്താം. 15-20 വർഷം പ്രായമുള്ള മരങ്ങളുടെ വിത്തുകൾ ശേഖരിച്ച് 24 മണിക്കൂർ വെള്ളത്തിൽ കുതിർത്ത ശേഷം വെയിലത്ത് ഉണക്കി വിത്തിന്‍റെ ആവരണം പൊട്ടിക്കഴിയുമ്പോള്‍ വിത്തിന്‍റെ ബീജങ്കുരണം വളരെ എളുപ്പത്തില്‍ നടക്കും.
|
ഗ്രാഫ്റ്റിംഗ് അല്ലെങ്കിൽ എയർ-ലേയറിംഗ് അല്ലെങ്കിൽ റൂട്ട് കട്ടിംഗുകൾ വഴിയാണ് കായികപ്രജനനം നിര്‍വഹിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമായ മിക്ക ചന്ദനത്തൈകളും ടിഷ്യു കൾച്ചർ പ്രജനനത്തിലൂടെ വളര്‍ത്തുന്നതാണ്. ഈ രീതിയില്‍ വളര്‍ത്തിയെടുക്കുക എളുപ്പമാണ്. ഏകദേശം 60% ആണ് വിജയ നിരക്ക്. നടീൽ സമയവും കായിക പ്രജനനത്തെ സ്വാധീനിക്കുന്ന ഘടകമാണ്. അതായത് മേയ് മാസത്തിൽ നട്ട കട്ടിങ്ങുകളേക്കാൾ മികച്ചതായിരിക്കും ഏപ്രിൽ ആദ്യം നട്ട കട്ടിംഗുകൾ.
|
കൃഷിയിടത്തിൽ തൈകൾ പറിച്ചു നടും മുമ്പ്, ആതിഥേയ സസ്യങ്ങള്‍ നേരത്തേ വളർത്തണം. അപ്പോഴേ ചന്ദനത്തൈകള്‍ അവയോടൊപ്പം പറിച്ചു നടാന്‍ പറ്റൂ. തദ്ദേശീയമായ അക്കേഷ്യ, കസ്യൂറീന, കാജനസ്, ക്രോട്ടൺ മെഗലോകാർപസ് എന്നിങ്ങനെയുള്ള സസ്യ ഇനങ്ങൾ ചന്ദന കൃഷിക്ക് അനുയോജ്യമായ ആതിഥേയ സസ്യങ്ങളാണ്.
|
45 x 45 x 45 സെന്റീമീറ്റർ വലിപ്പമുള്ള കുഴികൾ കുറഞ്ഞത് 3mx3m അല്ലെങ്കിൽ 5m x 5m അകലത്തിൽ കുഴിക്കണം. ഏക്കറില്‍ 450 മുതൽ 400 വരെ ചന്ദനത്തടികൾ ആയിരിക്കണം ലക്ഷ്യം. ഓരോ കുഴിയിലും 1:2 എന്ന അനുപാതത്തിൽ ചെമ്മണ്ണും ജൈവവളവും കമ്പോസ്റ്റും നിറയ്ക്കണം. ഓരോ നിരയിലെയും ഏതാണ്ട് അഞ്ചാമത്തെ മരത്തിന്‍റെ സ്ഥാനത്ത് 150 സെന്റീമീറ്റർ അകലത്തില്‍ ഒരു ദീർഘകാല സസ്യം നടുകയും’ ഒരു ഇടവിള വിതയ്ക്കുകയും വേണം. ഇടവിളയ്ക്ക് ചന്ദന ചെടിയേക്കാൾ ഉയരം ഉണ്ടായിരിക്കരുത്. അതിനാൽ പതിവായി അവ വെട്ടി ഒതുക്കേണ്ടതുണ്ട്. 6 മുതൽ 8 മാസം വരെ പ്രായമുള്ള തൈകളോ ഏകദേശം 30 സെന്റീമീറ്റർ ഉയരമുള്ള ചെടികളോ പ്രാഥമിക കൃഷിയിടത്തിലേക്ക് പറിച്ചുനടാൻ അനുയോജ്യമായവയാണ്. ഇളം ചന്ദന ചെടികൾക്ക് തവിട്ടുനിറത്തിലുള്ള കാണ്ഡവും നല്ല ശാഖകളും ഉണ്ടായിരിക്കണം.
|
മഴയെ ആശ്രയിച്ചുള്ള കൃഷിയിലാണ് ചന്ദനം നന്നായി വളരുന്നത്. വേനൽക്കാലത്ത് നനയ്ക്കല്‍ ആവശ്യമായി വന്നേക്കാം. ഇളം ചന്ദന ചെടികൾ വേനൽക്കാലത്ത് 2-3 ആഴ്ച ഇടവേളയിൽ ഒരിക്കൽ നനയ്ക്കണം. ചൂടും വേനലും ഉള്ള നാളുകളിൽ ഡ്രിപ്പ് ഇറിഗേഷൻ വഴി വെള്ളം നൽകാം. മണ്ണിന്റെ ഈർപ്പം നിലനിർത്താനുള്ള ശേഷി അനുസരിച്ച് ഡിസംബർ മുതൽ മേയ് വരെയുള്ള മാസങ്ങളിൽ നനയ്ക്കാം. ഈ മരങ്ങൾ അവയുടെ പോഷകങ്ങളിൽ ഭൂരിഭാഗവും സമീപത്തുള്ള ആതിഥേയ സസ്യങ്ങളിൽ നിന്ന് ഹാസ്‌റ്റോറിയ വഴി വലിച്ചെടുക്കുന്നതിനാൽ, വളം വളരെ കുറവായാലും അവയ്ക്ക് അതിജീവിക്കാൻ കഴിയും. എന്നിരുന്നാലും, ജൈവവളങ്ങളായ കമ്പോസ്റ്റ്, കൃഷിസ്ഥലത്തെ വളം, പച്ചിലകൾ എന്നിവ വൃക്ഷങ്ങളുടെ വളർച്ചയ്ക്ക് സഹായകമാണ്. |
ആദ്യ വർഷം കളകൾ നന്നായി നീക്കം ചെയ്യണം, തുടർന്ന് കൃത്യമായ ഇടവേളകളിലും. ഇത് പോഷകനഷ്ടവും മണ്ണിലെ ഈർപ്പവും തടയാൻ സഹായിക്കും. അധിക വരുമാനത്തിനായി, ഭൂവിനിയോഗവും മണ്ണ് പരിപാലനവും പരമാവധിയാക്കാന്‍ കർഷകർക്ക് ഇടവിളകൾ പരീക്ഷിക്കാവുന്നതാണ്. ആഴത്തില്‍ വേരുകള്‍ പോകാത്ത ഹ്രസ്വകാല വിളകളാണ് ഇടകൃഷിക്ക് അനുയോജ്യം.
|
ചന്ദന മരങ്ങൾ പലതരം കീടങ്ങളുടെ ആക്രമണത്തിന് വിധേയമാകാന്‍ സാധ്യതയുണ്ട്. എന്നാൽ അവയില്‍ ചിലത് മാത്രമേ മരത്തിന്റെ സാമ്പത്തിക നേട്ടത്തെ ബാധിക്കുകയുള്ളൂ. വളർച്ചയുടെ ആദ്യ വർഷങ്ങളിലാണ് ഈ വൃക്ഷങ്ങളില്‍ ഭൂരിഭാഗവും കീടങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നത്.
|
ചന്ദനമരം വിളവെടുപ്പ് |
ചന്ദനം വിളവെടുക്കാൻ ഏറ്റവും അനുയോജ്യമായ സമയം മരത്തിന് 15 വര്‍ഷത്തിനു മുകളിൽ പ്രായമാകുമ്പോഴാണ്. 30 വർഷത്തിലധികം പഴക്കമുള്ള മരങ്ങളിൽ 40 മുതൽ 60 സെന്റീമീറ്റർ വരെ ചുറ്റളവുള്ള ഹാർട്ട്‌വുഡ് നന്നായി രൂപം കൊള്ളും. 50 മുതൽ 60 സെന്റീമീറ്റർ വരെ ചുറ്റളവുള്ള ഒരു മരത്തിൽ നിന്ന് ശരാശരി 20 മുതൽ 50 കിലോഗ്രാം വരെ ഹാർട്ട്‌വുഡ് വിളവെടുക്കാം. ഹാർട്ട്‌വുഡിന്‍റെ കാതല്‍ ലഭിക്കാൻ തായ്ത്തടിയിലെ വെള്ളത്തടിയും വേരുകളും ശാഖകളും നീക്കം ചെയ്യണം. ചന്ദന ഫാമുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്ന ചില കർഷകർ 10-12 വർഷം പഴക്കവും 15-25 സെന്റീമീറ്റർ ചുറ്റളവുള്ള മരങ്ങളുടെ വിളവെടുപ്പ് നേരത്തെ നിര്‍വഹിക്കും. ഇളം മരങ്ങളിൽ നിന്ന് വാറ്റി എടുക്കുന്ന തൈലം പൊതുവില്‍ താഴ്ന്ന നിലവാരത്തിലുള്ളതായിരിക്കും. 13 വർഷം പഴക്കമുള്ള മരങ്ങൾക്ക് 12% ഉയർന്ന ഗ്രേഡ് തടിയും 28 വർഷം പഴക്കമുള്ള മരങ്ങൾക്ക് 67% ഉയർന്ന ഗ്രേഡ് തടിയും ഉണ്ടായിരിക്കും. വാറ്റി എടുത്ത തൈലത്തിന്‍റെ മൂല്യം വിളവെടുത്ത മരങ്ങളുടെ ഗുണനിലവാരത്തെയും ഗ്രേഡിനെയും ആശ്രയിച്ചിരിക്കുന്നു. പ്രായമേറുന്തോറും ചന്ദനമരങ്ങളുടെ ഗുണനിലവാരം മികവുറ്റതാകുകയും അവയില്‍ നിന്ന് സുപ്പീരയര്‍ ഗ്രേഡ് തൈലം ലഭിക്കുകയും ചെയ്യും.
|
സാധാരണയായി നിലത്തുനിന്ന് 130 സെന്റീമീറ്റർ ഉയരവും >13 സെന്റിമീറ്ററും തായ്ത്തടിയുടെ വ്യാസത്തിന്റെ 1/6-ൽ താഴെയുള്ള വെള്ളത്തടിയും ഉള്ള മരങ്ങളാണ് വിളവെടുപ്പിനായി തെരഞ്ഞെടുക്കുന്നത്. വീണതോ ഉണങ്ങിയതോ ആയ ഏത് വലിപ്പത്തിലുള്ള തടിയും വളരെക്കാലം തൈലം നിലനിർത്തും. അതിനാൽ തൈലം വാറ്റിയെടുക്കാന്‍ ഇതും ഉപയോഗിക്കും. മുറിച്ച ശാഖകളും മരപ്പൊടിയും സുഗന്ധദ്രവ്യങ്ങള്‍ തയാറാക്കാൻ ഉപയോഗിക്കും. |
വിളവ്: ഹാർട്ട്‌വുഡ് രൂപപ്പെടാൻ കുറഞ്ഞത് 10 മുതൽ 12 വർഷം വരെ എടുക്കുന്ന ഏറ്റവും സാവകാശം വളരുന്ന മരങ്ങളിൽ ഒന്നാണ് ചന്ദന മരം. കൃത്യമായ നനവ് ഉണ്ടായിരിക്കുകയും കാലാവസ്ഥയും മണ്ണിന്‍റെ ഘടനയും അനുകൂലവുമാണെങ്കില്‍ ചന്ദനമരങ്ങളുടെ ചുറ്റളവ് പ്രതിവർഷം 4cm മുതൽ 5cm വരെ എന്ന നിരക്കില്‍ വര്‍ധിക്കും.
|
ചന്ദന കൃഷിയുടെ സാമ്പത്തികശാസ്ത്രം: |
ഒരേക്കർ സ്ഥലത്ത് ചന്ദന കൃഷിക്കുള്ള നിക്ഷേപവും പരിപാലന രീതിയും. |
ഇവിടെ പറഞ്ഞിരിക്കുന്ന കണക്കുകൾ സൂചകം മാത്രമാണ്. വിപണിയിലെ ആവശ്യകതയ്ക്ക് അനുസരിച്ച് ഇവയില്‍ വ്യത്യാസം ഉണ്ടാകാം
|
ഗ്രിഡ് വലിപ്പം: 3mx3m |
ഒരു ഏക്കറിൽ ആകെ ചെടികളുടെ എണ്ണം: 450 |
ഇടക്കാല നഷ്ടം ക്രമീകരിക്കാൻ സംഭരിക്കേണ്ട തൈകളുടെ എണ്ണം: 520 |
ഒരു ട്രീ യൂണിറ്റിന്‍റെ ചെലവ് (ചന്ദനത്തൈ, ആതിഥേയ ചെടി, വളങ്ങൾ, കമ്പോസ്റ്റ് മുതലായവ): ₹ 400/- |
ഒരു കുഴി കുഴിക്കുന്നതിനുള്ള ചെലവ്: ₹ 25/- |
ഡ്രിപ്പ് ഇറിഗേഷൻ സ്ഥാപിക്കുന്നതിനുള്ള ചെലവ്: ₹80,000/- |
ഒരു ഏക്കറില്‍ ആകെ നടീൽ ചെലവ്: ഏകദേശം. ₹3,00,000/- |
ഫാമിന്റെ വാർഷിക പരിപാലനച്ചെലവ് (പ്രൂണിംഗ്, ലേബർ, നനയ്ക്കല്‍, വൈദ്യുതി മുതലായവ): ₹2,00,000/- |
15-ാം വർഷത്തിൽ മരം വിളവെടുക്കുമെന്ന അനുമാനത്തില്‍ ഈ പദ്ധതിയുടെ ആകെ ചെലവ്: ₹33,00,000/- |
ഈ ചെലവില്‍ മരങ്ങൾ എണ്ണ ഉൽപാദിപ്പിക്കുമ്പോൾ ആവശ്യമായി വരുന്ന സെക്യൂരിറ്റി ചെലവ് ഉള്‍പ്പെടുത്തിയിട്ടില്ല. യുഗങ്ങളായി, ചന്ദനമരം മോഷ്ടിക്കപ്പെടാന്‍ വിധിക്കപ്പെട്ട ഒരു വസ്തുവാണ്. മാത്രമല്ല വീരപ്പനെപ്പോലുള്ള കാട്ടുകൊള്ളക്കാരെ അത് വളർത്തിയെടുക്കുകയും ചെയ്തു. അതിനാൽ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇവയ്ക്ക് അനിവാര്യമാണ്. ഇത്തരം ചുറ്റുപാടുകള്‍ നിലനില്‍ക്കുന്നതിനാല്‍, സഞ്ചിത/സാമുദായിക കൃഷി രീതികളാണ് കൂടുതല്‍ ആകര്‍ഷണീയം. കാരണം ഉയർന്ന സുരക്ഷാ ചെലവ് എല്ലാവരും തുല്യമായി പങ്കിടുമ്പോള്‍ ഭാരം കുറഞ്ഞിരിക്കും.
|
നല്ല മണ്ണും കാലാവസ്ഥയും ഒപ്പം മികച്ച കൃഷിരീതികളും പിന്തുടര്‍ന്നാല്‍ 15 വർഷത്തിൽ ഒരു മരത്തില്‍ നിന്ന് ശരാശരി 10 കിലോഗ്രാമും ഒരു ഏക്കറില്‍ നിന്ന് 4.5 ടൺ വരെയും വിളവെടുപ്പ് ലഭിക്കും. അങ്ങനെ നോക്കുമ്പോള്‍, 1 ഏക്കർ ചന്ദനത്തോട്ടത്തില്‍ നിന്നുള്ള ഏകദേശ വരുമാനം നിലവിലെ വില അനുസരിച്ച് ₹4,50,00,000/- ആണ്. അതായത് 15 വർഷം കൊണ്ട് ഒരു ഏക്കറില്‍ നിന്ന് കർഷകന് 4.17 കോടി അറ്റാദായം ലഭിക്കും എന്നര്‍ത്ഥം.
|
ആഗോള ചന്ദന വിപണി കുതിക്കുകയാണ്. ഒരു കിലോ സാന്‍റാലം ആൽബും ഓയിലിന്റെ നിലവിലെ വിൽപന ഏകദേശം ₹1,30,000/- (ദുബായില്‍ ലൈസൻസില്ലാതെ ഉൽപാദിപ്പിക്കുന്നത്) എന്ന നിരക്കില്‍ ആരംഭിച്ച് ₹1,60,000/-മുതല്‍ ₹1,85,000/- (ഇന്ത്യയിൽ ലൈസൻസോടെ ഉൽപാദിപ്പിക്കുന്നത്) വരെ ഉയര്‍ന്നതാണ്.
|
കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്ത്യൻ കൗൺസിൽ ഓഫ് ഫോറസ്ട്രി റിസർച്ച് ആന്റ് എജ്യുക്കേഷൻ ഓഫ് എൻവയോൺമെന്റ് ആൻഡ് ഫോറസ്റ്റ് മന്ത്രാലയത്തിന്റെ കീഴിലുള്ള ബംഗളൂരുവിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയൻസ് ആൻഡ് ടെക്‌നോളജിയുടെ കണക്കുകള്‍ പറയുന്നത്: |
ഇന്ത്യൻ ചന്ദനമരത്തിന്‍റെ ഒന്നാം തരം ഹാർട്ട്‌വുഡിന്റെ സര്‍ക്കാര്‍ വില നിലവില്‍ കിലോയ്ക്ക് 7,500 രൂപയും തൈലത്തിന് ഏകദേശം 1,50,000 രൂപയുമാണ്. ആഭ്യന്തര വിപണിയിൽ ചന്ദനത്തിന് കിലോയ്ക്ക് 16,500 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ആഭ്യന്തര വിപണിയേക്കാൾ 15 മുതൽ 20 ശതമാനം വരെ വില കൂടുതലാണ്. വില വാർഷികമായി 25% എന്ന നിരക്കില്‍ വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. |
ചന്ദനമരത്തിന്റെ ഭാവി: |
ചന്ദനത്തിന് വളരെ വ്യത്യസ്തവും മൂല്യ വര്‍ധിതവുമായ നിരവധി ഉപയോഗങ്ങളുണ്ട്. അതിന്റെ വിലയ്ക്ക് അസ്ഥിവാരമാകുകയും വിവിധ മാർക്കറ്റ് സെഗ്‌മെന്റുകളിലും മേഖലകളിലും ആവശ്യകത നിലനിർത്തുകയും ചെയ്യുന്ന നിരവധി ഉപയോഗങ്ങള്‍ അതിനുണ്ട്: ഉല്‍കൃഷ്ടമായ പെര്‍ഫ്യൂമുകൾ, എക്സ്ക്ലൂസീവ് നാച്വറല്‍ ബോഡി കെയര്‍ ഉൽപന്നങ്ങൾ, പ്രത്യേകിച്ച് യൂറോപ്യൻ, വടക്കേ അമേരിക്കൻ വിപണികളിലെ പുതിയ ഫാർമസ്യൂട്ടിക്കലുകള്‍, എന്നിവ ഇവയില്‍ ഉൾപ്പെടുന്നു; ചൈന, കൊറിയ, ജപ്പാൻ എന്നിവിടങ്ങളിലെ സോളിഡ് ഫർണിച്ചറുകൾ, കൊത്തുപണികൾ, പരമ്പരാഗത മരുന്നുകൾ, മതപരമായ ആവശ്യങ്ങൾ എന്നിവയ്ക്ക്; ഇന്ത്യയിലാകട്ടെ സുഗന്ധദ്രവ്യങ്ങള്‍, പട്ടടകള്‍, ചവയ്ക്കാനുള്ള പുകയില എന്നിവയ്ക്ക്; മിഡിൽ ഈസ്റ്റില്‍ ആണെങ്കില്‍ പതിവായുള്ള ഉപയോഗങ്ങൾക്കും.
|
2014-ൽ നടത്തിയ പഠനങ്ങൾ അനുസരിച്ച്, ചന്ദനത്തൈലത്തിന്‍റെ ആഗോള ആവശ്യകത ഏകദേശം 10,000 മെട്രിക് ടണ്ണിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈനയിൽ മാത്രം 2040-ഓടെ 5000 മെട്രിക് ടൺ വരെ ആവശ്യമായി വരുമത്രെ. ഡിമാൻഡിലും വിതരണത്തിലും ഉള്ള ഈ വിടവ് കാരണം, ചന്ദനത്തിന്റെ വിപണി വില പ്രതിവർഷം ശരാശരി 25 % കണ്ട് ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിനാല്‍ തന്നെ ചന്ദന മരപ്പൊടി പോലും പാഴാക്കാത്ത വിധം വിപണനയോഗ്യമാണ്. സർക്കാർ നിലവില്‍ മാനദണ്ഡങ്ങളില്‍ വരുത്തിയ ഇളവുകളും ചന്ദന കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പ്രചോദനവും ഇത് വളരെ ലാഭകരമായ ബിസിനസ് നിർദ്ദേശമായി മാറുമെന്ന വാഗ്ദാനമാണ് നല്‍കുന്നത്. |